ന്യൂഡൽഹി: ദക്ഷിണ കൊറിയ കയറ്റുമതി ചെയ്യുന്ന റബ്ബറിന്‍റെ സബ്‌സിഡിയെക്കുറിച്ച് ഇന്ത്യ അന്വേഷണം ആരംഭിച്ചു. ദക്ഷിണ കൊറിയയുടെ 'സ്റ്റൈറീൻ ബ്യൂട്ടഡീൻ' എന്ന തരം റബ്ബറിന്‍റെ കയറ്റുമതി സബ്‌സിഡി പ്രോഗ്രാമുകൾ സ്വകാര്യ വ്യവസായത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ സിന്തറ്റിക് റബ്ബറും റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡും നല്‍കിയ പരാതിയിലാണ് അന്വേഷണം. വാണിജ്യ മന്ത്രാലയത്തിന് നൽകിയ അപേക്ഷയിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ്(ഡിജിടിആർ) അറിയിച്ചു.
ദക്ഷിണ കൊറിയയിൽ ഉൽപാദിപ്പിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ ഉൽപ്പന്നങ്ങൾക്കുമേൽ നികുതി ചുമത്തുന്നതിന് സബ്‌സിഡി നല്‍കുന്നത് അന്വേഷിക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. ഡിജിടിആറിന്‍റെ അറിയിപ്പനുസരിച്ച് ചരക്കുകളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും തുല്യ സബ്‌സിഡികൾ നിലവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സബ്‌സിഡി സ്വകാര്യ മേഖലയിലെ ഉൽപന്നങ്ങളുടെ ഇറക്കുമതിയെ ബാധിക്കുമെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് കൊറിയ. 2010 മുതൽ ഇരുവരും സ്വതന്ത്ര വ്യാപാര കരാറും നടപ്പാക്കിയിട്ടുണ്ട്. കരാറുകളനുസരിച്ച് നിരവധി ചരക്കുകളിൽ നിന്നും നികുതി ഒഴിവാക്കുകയും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാര നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്‌തിട്ടുണ്ട്.