മുംബൈ: മൊത്ത നിഷ്ക്രിയ ആസ്‌തി സെപ്റ്റംബറിൽ 9.1 ശതമാനമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. 2017-18 ൽ ഇത് 11.2 ശതമാനമായിരുന്നു. എല്ലാ ബാങ്കുകളുടെയും മൊത്ത നിഷ്ക്രിയ ആസ്‌തി തുടർച്ചയായ ഏഴു വർഷമായി ഉയർച്ചയിലായിരുന്നു.
ബാങ്കിംഗ് സമ്പ്രദായത്തിന്‍റെ ആരോഗ്യത്തിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന അറ്റ നിഷ്‌ക്രിയ ആസ്‌തികൾ(നെറ്റ് എൻപിഎകൾ) 2019 ലെ 6 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി കുറഞ്ഞെന്നും ആർബിഐയുടെ പ്രോഗ്രസ് ഓഫ് ബാങ്കിങ് 2018-19 വാർഷിക റിപ്പോർട്ടിൽ പറയുന്നു.
വാണിജ്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തിയിലുണ്ടായ കുറവ് മൂലമാണ് മൊത്തം നിഷ്‌ക്രിയ ആസ്‌തി, അറ്റ നിഷ്‌ക്രിയ ആസ്‌തി അനുപാതത്തിൽ കുറവ് വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്‌തി 2018 സാമ്പത്തിക വർഷത്തിലെ 14.6 ശതമാനത്തിൽ നിന്ന് ഈ സാമ്പത്തിക വർഷം 11.6 ശതമാനമായി.അറ്റ നിഷ്‌ക്രിയ ആസ്‌തി ഈ കാലയളവിൽ എട്ട് ശതമാനത്തിൽ നിന്ന് 4.8 ശതമാനമായും കുറഞ്ഞു.
ഇതേ കാലയളവിൽ സ്വകാര്യമേഖല ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 4.7 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കൂടി. അറ്റ നിഷ്‌ക്രിയ ആസ്‌തി 2.4 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി. ഐഡിബിഐ ബാങ്കിനെ സ്വകാര്യബാങ്കുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതാണ് സ്വകാര്യമേഖല ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി വർധിക്കാൻ കാരണമായത്. ഐഡിബിഐ ബാങ്കിന്‍റെ എൻപിഎ അനുപാതം ഈ സാമ്പത്തിക വർഷം 29.4 ശതമാനമായിരുന്നു.