ആധികാരിക കേന്ദ്രങ്ങളില്‍ നിന്നും കൊവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും പഠിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഫേസ്ബുക്ക് രംഗത്തെത്തി. ലോകത്തെ വിവിധ വിദ്യാഭ്യാസ കൂട്ടായ്മകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായാണ് ഇത്തരം ഒരു മാര്‍ഗരേഖ കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് ഉത്പന്നങ്ങള്‍ ഉപയോഗിച്ച് എങ്ങനെ പഠനം നടത്താം എന്നാണ് കമ്പനി പുറത്തിറക്കിയ മാര്‍ഗ രേഖയില്‍ പറയുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിലവില്‍ മാര്‍ഗരേഖ ലഭ്യമാണ്. യുനസ്കോയുമായി സഹകരിച്ചാണ് ഫേസ്ബുക്ക് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ അധ്യാപകർക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതുവഴി പഠനങ്ങള്‍ നടത്താനാകും. പഠനത്തിനായി ഫേസ്ബുക്ക് പേജുകള്‍, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് ലൈവ്, മെസഞ്ചര്‍, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിന്താശേഷിയുള്ളവര്‍ക്ക് ഡിജിറ്റലായി ചിന്തകള്‍ കൈമാറാനും പഠിക്കാനും അവസരം ഒരുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധി മനീഷ് ചോപ്ര പറഞ്ഞു.
അധ്യാപകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവര്‍ക്കും തങ്ങളുടെ വിവരങ്ങള്‍ കൈമാറാനും പുതിയ വിവരങ്ങള്‍ അറിയാനും സാധിക്കും. കേന്ദ്രസര്‍ക്കാറിന്‍റെ ആധികാരിക കണക്കുകള്‍ ഫേസ്ബുക്ക് വഴി ലഭ്യമാക്കും. ഇന്ത്യ ഗവണ്‍മെന്‍റിന്‍റേയും ആരോഗ്യ വിഭാഗത്തിന്‍റേയും യുനസ്കോയുടേയും ലോകാരോഗ്യ സംഘടനയുടെയും ഫേസ് ബുക്ക് പേജുകള്‍ നിലവില്‍ ലഭ്യമാണ്. ദേശീയ സംസ്ഥാന തലത്തിലെ പ്രമുഖ താരങ്ങളെ ഉപയോഗിച്ച് ആധികാരിക വിവരങ്ങളും പഠനങ്ങളും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ടെന്ന് യുനസ്കോ പ്രതിനിധി എറിക് ഫ്ലാറ്റ് പറഞ്ഞു.