ഗംഗാ നദിയിലൂടെ ചരക്ക് നീക്കാന്‍ തയ്യാറായി ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പിംഗ് കമ്പനിയായ മെര്‍സ്ക് ലൈന്‍. ആദ്യ ചരക്ക് ലോഡായി പതിനാറോളം കണ്ടെയ്നറുകള്‍ ചൊവ്വാഴ്ച വാരണാസിയില്‍ നിന്ന് ഗംഗ വഴി കൊല്‍ക്കത്തയിലേക്ക് എത്തിക്കും.
ആദ്യമായാണ് ഇത്രയും അധികം ചരക്കുകള്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ജലഗതാഗത സൗകര്യം ഉപയോഗിച്ച് നീക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. 2018 നവംബര്‍ 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയിലൂടെയുള്ള ജലപാതയായ നാഷണല്‍ വാട്ടര്‍ വേ-1 രാജ്യത്തിന് സമര്‍പ്പിച്ചത്. ലോകബാങ്കിന്‍റെ സഹായത്തോടെ 5,369 കോടി ചിലവഴിച്ച് ഈ പാത ഹാല്‍ദിയ വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ പെപ്സികോ, ഇമാമി അഗ്രോടെക്, ഡാബര്‍ ഇന്ത്യ, തുടങ്ങിയ കമ്പനികളും ഗംഗ വഴി ചരക്കുകള്‍ നീക്കിയിട്ടുണ്ട്.