പുല്‍വാമ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താനുള്ള തീരുമാനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുന്നതിന് പാകിസ്താന് സാധിക്കുന്നില്ലെന്ന് കണ്ടെത്തത്തിയതിനെതുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ പാകിസ്ഥാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ എഫ്എടിഎഫിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാൻ പാകിസ്ഥാന്‍ തന്നേ ബുദ്ധിമുട്ടേണ്ടി വരും. തീവ്രവാദ വിഷയങ്ങളില്‍ പാകിസ്ഥാന് മേലുള്ള എഫ്എടിഎഫിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ അന്വേഷണത്തിന്‍റെ ഫലം പുറത്ത് വിടും. പാകിസ്ഥാനെതിരെയാണ് ഫലം വരുന്നതെങ്കില്‍ ഒരു പക്ഷെ പാകിസ്ഥാനെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്ടിഎഫ്. 38 രാജ്യങ്ങള്‍ അംഗങ്ങളായുള്ള സംഘടനയുടെ യോഗം പാരീസില്‍ ഇന്ന് അവസാനിച്ചു.