സതാംപ്റ്റണ്‍: കൊവിഡ് 19നെ അതിജീവിച്ച് പുനരാരംഭിച്ച ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് കരീബിയന്‍ താരം ഷാനണ്‍ ഗബ്രിയേലിന്. ഇംഗ്ലീഷ് ഓപ്പണര്‍ ഡോം സിബ്ലിയെ തന്‍റെ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ഗബ്രിയേല്‍ ബൗള്‍ഡാക്കി. റണ്ണൊന്നും എടുക്കാതെയാണ് സിബ്ലി പുറത്തായത്. ഇതോടെ ക്രിക്കറ്റിന്‍റെ ചരിത്രത്തിലും വിന്‍ഡീസ് പേസര്‍ ഗബ്രിയേല്‍ ഇടം നേടി. കൊവിഡ് 19ന് ശേഷം പുനരാരംഭിച്ച അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ താരമെന്ന നേട്ടം.
പരിക്ക് കാരണം ഏറെകാലമായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഗബ്രിയേല്‍ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള വിന്‍ഡീസ് ടീമില്‍ ഇടം നേടുകയായിരുന്നു. കൊവിഡ് കാരണം വലിയ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് സ്ക്വാഡില്‍ താരം ഇടം നേടി. പിന്നീട് ഫിറ്റ്നസ് തെളിയിച്ചതോടെ അന്തിമ ഇലവന്‍റെ ഭാഗമായി.
സതാംപ്റ്റണ്‍ ടെസ്റ്റ്; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു
വിന്‍ഡീസിനായി 45 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗബ്രിയേല്‍ 133 വിക്കറ്റുകള്‍ സ്വന്തമാക്കി. 25 ഏകദിനങ്ങളില്‍ നിന്നായി 33 വിക്കറ്റുകളും രണ്ട് ടി20കളില്‍ നിന്നായി മൂന്ന് വിക്കറ്റും താരത്തിന്‍റെ പേരിലുണ്ട്. 2012ല്‍ ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്‍റെ മക്കയെന്ന പേരില്‍ അറിയപ്പെടുന്ന ലോഡ്സില്‍ നടന്ന ടെസ്റ്റിലാണ് ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.