സെന്‍റ്ജോണ്‍സ്: വെസ്റ്റിൻഡീസിന്‍റെ ഇതിഹാസ ബാറ്റ്സ്‌മാൻ എവർട്ടൺ വീക്ക്‌സ് (95) അന്തരിച്ചു. വാര്‍ദ്ധക്യസഹമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 2019ല്‍ ഹൃദയാഘാതമുണ്ടായിരുന്നു. കരീബിയൻ ക്രിക്കറ്റിന്‍റെ പിതാവെന്നാണ് വീക്ക്‌സ് അറിയപ്പെട്ടിരുന്നത്. വിന്‍ഡീസ് ക്രിക്കറ്റിലെ വിഖ്യാതമായ ത്രീ ഡബ്യൂവിലെ അംഗമായിരുന്നു. ക്ലൈഡ് വാൽക്കോട്ട്, ഫ്രാങ്ക് വോറെൽ, എവർട്ടൺ വീക്ക്‌സ് എന്നീ മൂവർ സംഘത്തിന് ചാർത്തിക്കിട്ടിയ പേരായിരുന്നു ഇത്. സംഘത്തിലുണ്ടായുരുന്ന മറ്റ് രണ്ട് പേരും ഇതിന് മുമ്പ് ലോകത്തോട് വിടപറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കരീബിയന്‍ ക്രിക്കറ്റ് ടീമിലെ പ്രധാനിയായിരുന്നു വീക്ക്‌സ്. 1948 മുതല്‍ 1958 വരെ വിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. വിന്‍ഡീസിന് വേണ്ടി 48 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 4,455 റണ്‍സ് സ്വന്തമാക്കി. 58.61 ആയിരുന്നു ബാറ്റിങ് ശരാശരി. ഐസിസി അദ്ദേഹത്തെ ഹാൾ ഓഫ് ഫെയിം നല്‍കി ആദരിച്ചിരുന്നു. വീക്ക്‌സിന്‍റെ വിയോഗത്തിൽ വിൻഡീസ് ക്രിക്കറ്റ് ബോർഡും ഐസിസിയും അനുശോചനം രേഖപ്പെടുത്തി.