വയനാട്: സുൽത്താൻബത്തേരിക്ക് അടുത്ത് വടക്കനാട്ടെ വന്യമൃഗ ശല്യം തടയാൻ ഉരുക്കുവേലി വരുന്നു. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്ടിൽ ഏറ്റവും കൂടുതൽ വന്യമൃഗശല്യം ഉള്ള ഇടങ്ങളിലൊന്നാണ് വടക്കനാട്.
കാടുകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്. ഗ്രാമത്തിനെയും കാടിനെയും വേർതിരിക്കാൻ മതിൽ കെട്ടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതിന് വേണ്ടി ഒട്ടേറെ തവണ പ്രക്ഷോഭങ്ങളും നടത്തി. മതിലിനെക്കാൾ ചെലവ് കുറഞ്ഞ ഉരുക്കു വേലി നിർമ്മിക്കാനാണ് ഇപ്പോൾ തീരുമാനമായത്. ആദ്യഘട്ടത്തിൽ നാലര കിലോമീറ്റർ ദൂരത്തിലാണ് ഉരുക്കുവേലി സ്ഥാപിക്കുന്നത്. ഇതിന് രണ്ടേകാൽ കോടി രൂപ ഉടൻ വനം വകുപ്പിന് കൈമാറാൻ ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്. മൊത്തം 34 കിലോമീറ്റർ ദൂരത്തിലാണ് വേലി നിർമ്മിക്കേണ്ടത്. മതിൽ കെട്ടാൻ 55 കോടി രൂപ വേണ്ടിവരുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. ഉരുക്കു വേലി നിർമ്മിക്കാൻ ഇതിന്‍റെ നാലിലൊന്നു ചെലവേ വേണ്ടിവരൂ.