കണ്ണൂർ: കുറ്റ്യാടി മരുതോങ്കര സെന്‍റ് മേരീസ് ഹൈസ്കൂൾ കെട്ടിടത്തിന്‍റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞ് വീണു. സ്‌കൂൾ പ്രവർത്തിക്കുന്ന സമയമായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മരുതോങ്കര പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു വർഷം മുൻപാണ് ഏകദേശം 40 മീറ്റർ ദൂരത്തിൽ മതിൽ നിർമ്മിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്‌തപ്പോൾ കെട്ടിനിടയിലേക്ക് വെള്ളമിറങ്ങിയതാവാം മതിൽ ഇടിയാൻ കാരണം എന്നാണ് നിഗമനം. മതിൽ പൂർണ്ണമായും തകർന്നു. കുട്ടികൾ ആരും തന്നെ പിൻഭാഗത്ത് പോകാറില്ലെന്നതിനാൽ അപകടം ഒഴിവായതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി.