തൃശ്ശൂർ: വാഹനാപകടത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ മെക്കാനിക്കൽ സംവിധാനം രൂപകൽപ്പന ചെയ്ത് ശ്രദ്ധേയയാവുകയാണ് യുവ വനിത ദന്തഡോക്ടര്‍. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ ഡോ. ധന്യയാണ് വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന മെക്കാനിക്കൽ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ മുമ്പിലും പിന്നിലും വശങ്ങളിലും ഘടിപ്പിക്കാവുന്ന പുത്തൻ സംവിധാനം ഉപയോഗിച്ച് അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ ആഘാതം പരാമാവധി കുറക്കാമെന്ന് ധന്യ പറയുന്നു, കൂട്ടിയിടി മൂലമുണ്ടാകുന്ന ഊര്‍ജം പല ഘട്ടങ്ങളിലായി ആഗിരണം ചെയ്യ്ത് അപകടത്തിന്‍റെ കാഠിന്യം കുറയ്ക്കുകയാണ് പുത്തൻ മാർഗം വഴി ലക്ഷ്യമിടുന്നത്. വാഹനത്തിന് പുറമെ ക്രാഷ്ഗാര്‍ഡ്, മീഡിയനുകള്‍, പാലങ്ങളുടെ തൂണുകള്‍, കപ്പലുകള്‍, ബോട്ടുകള്‍, ബോട്ടുജെട്ടികള്‍, തുറമുഖങ്ങള്‍ എന്നിവടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണെന്നും, മെക്കാനിക്കല്‍ ഉപകരണമായതിനാല്‍ കൂടുതല്‍ വിശ്വസനീയതയും ചെലവ് കുറവുമാണെന്നും ഡോ. ധന്യ പറയുന്നു.
ഉപകരണത്തിന്‍റെ പേറ്റന്റിനായി ഇന്ത്യന്‍ പേറ്റന്റ് ഓഫിസില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ധന്യയിപ്പോൾ. വേള്‍ഡ് ഇന്റലക്ച്വല് പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനില്‍ നിന്നും അനുകൂലമായ റിപ്പോര്‍ട്ട് ലഭിക്കുകയും, ഇന്ത്യന്‍ പേറ്റന്‍റ ഓഫിസിസ് ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിച്ചതായും ധന്യ പറയുന്നു. ശിശു രോഗ വിദഗ്ധനായ ഡോ. കളരിക്കല്‍ രാമചന്ദ്രന്റെയും ഗൈനക്കോളജിസ്റ്റായ ഡോ. സൂര്യയുടേയും മകളായ ധന്യ അക്കിക്കാവ് പിഎസ്എം ദന്തല്‍ കോളജില്‍ പബ്ലിക് ഹെല്‍ത്ത് ദന്തിസ്ട്രി വിഭാഗം അധ്യാപികയാണ്. മുമ്പ് ഡിജിറ്റലൈസ്ഡ് ഹൈവാല്യു പേപ്പർ കറൻസി എന്ന സാമ്പത്തിക വിനിമയ രംഗത്ത് ഉപയോഗത്തിനായുള്ള ആശയവും ഡോ.ധന്യ ആവിഷ്കരിച്ചിരുന്നു.