വരാണസി: ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും വിലക്ക്. തീര്‍ഥാടനകേന്ദ്രമായ വാരാണസിയില്‍ ക്ഷേത്രങ്ങള്‍ക്ക് 250 മീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസാഹാരവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതിനുമാണ് പൂർണമായ വിലക്കേര്‍പ്പെടുത്തിയത്.
വാരാണസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, മിശ്രിഖ് നൈമിഷാരണ്യ എന്നിവടങ്ങളില്‍ മദ്യം മാംസാഹാരം തുടങ്ങിയവ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്‍റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ നിര്‍ദ്ദിഷ്ട ചുറ്റളവില്‍ മദ്യം വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്ന് എക്സൈസ് വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പുണ്യപുരാതന സ്ഥലമായ വാരാണസിയിലെ ക്ഷേത്രങ്ങള്‍ക്ക് സമീപം മദ്യവും മാംസാഹാരവും നിരോധിച്ചുള്ളകൊണ്ടുള്ള പ്രസ്താവന വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇറക്കിയിരുന്നു. വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ മൃദുല ജയ്സ്‍വാളിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് തീരുമാനം.