വാഷിങ്‌ടണ്‍: കൊവിഡ് വാക്‌സിന്‍റെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കാന്‍ ഒരുങ്ങി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണ് കൊവിഡ് വാക്‌സിന്‍റെ പേറ്റന്‍റ് ഒഴിവാക്കാന്‍ തീരുമാനിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. മഹാമാരിയുടെ കാലത്ത് അസാധാരണ തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര രംഗത്തെ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ബൈഡന്‍ നിര്‍ണായക നീക്കം.
ലോക വ്യാപാര സംഘടനയുമായി ചേര്‍ന്ന് ഇളവുകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് യുഎസ് വാക്‌സിന്‍റെ കാര്യത്തില്‍ ഇളവ് അനുവദിക്കുന്നത്. ജനങ്ങള്‍ക്ക് വേര്‍തിരിവില്ലാതെ വ്യാപകമായി വാക്‌സിന്‍ വിതരണം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ഉള്‍പ്പെടെ ഇത്തരമൊരു അഭ്യര്‍ഥനയുമായി മുന്നോട്ട് വന്നത്.
യുഎസിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
നിര്‍ണായക തീരുമാനം എടുത്ത യുഎസിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം രംഗത്തുവന്നു. ആരോഗ്യ രംഗത്ത് ലോകം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ യുഎസ് നേതൃത്വത്തിന് സാധിക്കുമെന്ന് സംഘടന പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ വേര്‍തിരിവുകളില്ലാത്താക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.