തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വേണ്ട മുഴുവൻ ക്രമീകരണവും ചെയ്തു കഴിഞ്ഞതായി മുഖ്യവരണാധികാരി കൂടിയായ ജില്ലാ കലക്ടർ കെ.വാസുകി. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതീവ സുരക്ഷയിലാണ് തെരഞ്ഞെടുപ്പ്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലായി ആകെ 238 പ്രശ്നസാധ്യത ബൂത്തുകളാണ് കണ്ടെത്തിയിരുന്നത്. 97 പ്രശ്നബാധിത ബൂത്തുകളും ജില്ലയിലുണ്ട്. ഇവിടങ്ങളിലേക്ക് വേണ്ട സുരക്ഷയും ഒരുക്കിക്കഴിഞ്ഞു.
അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബൂത്തുകളുടെ സ്വഭാവമനുസരിച്ച് മൈക്രോ ഒബ്സർവർമാരെയും വെബ് കാസ്റ്റിങ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും. ഭിന്നശേഷി സൗഹാർദ തെരഞ്ഞെടുപ്പ് കൂടിയാണിത്. ജില്ലയിലാകെ 13,000 ഭിന്നശേഷിക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനം ആവശ്യപ്പെട്ട 2600 ഓളം പേർക്ക് അതിനുള്ള സൗകര്യവും ഒരുക്കും. മതിയായ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധ്യമല്ല. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ 22 ന് വിതരണം ചെയ്യും.