തൃശ്ശൂർ: തൃശ്ശൂരിലെ സെവൻ കേരള ഗേൾസ് എൻസിസി ബറ്റാലിയൻെറ അമ്പതാം പിറന്നാൾ ആഘോഷത്തിൽ ആദ്യ മേധാവിയെ കണ്ടെത്താൻ നടത്തിയ ശ്രമം വിജയിച്ചു. ആദ്യ പടനായികയെ കണ്ടെത്തി ഓഫീസിൽ കൂട്ടിക്കൊണ്ട് വന്ന് ആദരിച്ചാണ് എൻസിസി ബറ്റാലിയൻ അമ്പതാം പിറന്നാൾ അവിസ്മരണീയമാക്കിയത്.
സെവൻ കേരള കമാൻഡിങ് ഓഫീസർ കേണൽ എച്ച് പദ്മനാഭൻ ആണ് സേനയുടെ ആദ്യ മേധാവിയെ കണ്ടെത്താനുള്ള ആശയം മുന്നിലേക്ക് വെച്ചത്. ‘മിഷൻ ആനന്ദവല്ലി’ എന്ന് പേരിട്ട ഓപ്പറേഷന് പദ്മനാഭനൊപ്പം ബറ്റാലിയൻ ടീം ഒന്നടങ്കം കൂടെ നിന്നപ്പോൾ വിജയം കാണുകയായിരുന്നു. മൂന്ന് മാസം നീണ്ടു നിന്ന പരിശ്രമത്തിലൂടെയാണ് നവതിയിലെത്തിയ മേജർ എംസി ആനന്ദവല്ലിയെന്ന എൻസിസി കേരള സെവൻത്ത് ബറ്റാലിയൻറ ആദ്യ വനിതാ കമാൻഡിങ് ഓഫീസറെ കണ്ടെത്തിയത്.
എൻസിസി സെവൻ കേരള ആസ്ഥാനത്തെത്തിച്ച ആദ്യ കമാൻഡിങ് ഓഫീസറെ സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. കമാൻഡിങ് ഓഫീസറുടെ ഔദ്യോഗിക കസേരയിലായിരുന്നു ആനന്ദവല്ലിക്ക് ഇരിപ്പിടവുമൊരുക്കിയത്. ശാരീരിക അവശതയിലും സേവനകാലത്തെ അനുഭവങ്ങളും, രാജ്യത്തോടുള്ള കടപ്പാടുകളും പുതിയ കേഡറ്റുകളുമായി ആനന്ദവല്ലി പങ്കുവെച്ചു. 1969 മുതൽ 1974 വരെയുള്ള കാലത്ത് ആനന്ദവല്ലിക്കൊപ്പം സേവനമനുഷ്ഠിച്ചിരുന്ന സുബേദാർ പദ്മനാഭനും ഇപ്പോഴുള്ള സെവൻ കേരളയിലെ ഓഫീസർമാരും, ജീവനക്കാരും കേഡറ്റുകളും അപൂർവ്വ നിമിഷത്തിന് സാക്ഷികളാവാന്‍ എത്തിയിരുന്നു.