ടോക്കിയോ: കൊവിഡിനൊഴികെ മറ്റൊന്നിനും ടോക്കിയോ ഒളിമ്പിക്‌സെന്ന സ്വപ്‌നത്തെ തകര്‍ക്കാനാകില്ലെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ജോണ്‍ കോട്‌സ്. ജപ്പാനുമായി ചേര്‍ന്ന് എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും ഒളിമ്പിക്‌സ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി ഐഒസി മുന്നോട്ട് പോവുകയാണ്. ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
കൊവിഡ് വ്യാപനത്തിന് ഇടയിലും സുരക്ഷിതമായി ഒളിമ്പിക്സ് നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇരുവരും നടത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനില്‍ കൊവിഡ് വ്യാപനം കുറവാണ്. 10,500 പേരാണ് ജപ്പാനില്‍ കൊവിഡ് വ്യാപനം കാരണം ഇതേവരെ മരിച്ചത്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ കൊവിഡിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളെല്ലാം സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായി കഴിഞ്ഞു. ഒളിമ്പിക്‌സിനോടനുബന്ധിച്ച് കൊവിഡ് പശ്ചാത്തലത്തില്‍ ജപ്പാനിലെ അടിയന്തരാവസ്ഥ കഴിഞ്ഞ ദിവസം ഈ മാസം അവസാനം വരെ നീട്ടിയിരുന്നു. നേരത്തെ മെയ് 11 വരെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണിപ്പോള്‍ ഈ മാസം അവസാനം വരെ നീട്ടിയത്.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്‌സ്. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മാറ്റിവെച്ച ഒളിമ്പിക്‌സാണ് ഇത്തവണ നടക്കുന്നത്. അതേസമയം ഒളിമ്പിക്‌സ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ജപ്പാനിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.