ആലപ്പുഴ: വള്ളികുന്നത്ത് എസ്എഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘം അറസ്‌റ്റിൽ. ഒന്നാം പ്രതി വള്ളികുന്നം ആകാശ്ഭവനം ആകാശ്, മൂന്നാം പ്രതി രാഹുൽ നിവാസിൽ രാഹുൽ, നാലാം പ്രതി ഗോകുൽ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. രാഹുലും ഗോകുലും സഹോദരങ്ങളാണ്. രണ്ടാംപ്രതി വരുൺദേവ് ഒളിവിലാണ്.
ഞായറാഴ്‌ച രാവിലെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് വട്ടയ്‌ക്കാട്ടുവച്ച് പിടികൂടുകയായിരുന്നു.
വ്യാഴാഴ്‌ച രാത്രി വള്ളികുന്നം പള്ളിവിള കനാൽ ജങ്‌ഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ചാരുംമൂട് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം രാകേഷ് കൃഷ്‌ണൻ , എസ്എഫ്ഐ പ്രവർത്തകരായ ബൈജു , വിഷ്‌ണു എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
പിടിയിലായവർ കരുനാഗപ്പള്ളി പാവുമ്പ ക്ഷേത്രോത്സവത്തിനെത്തിയ അഖിൽജിത്ത് എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ്. ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖലാ പ്രസിഡന്‍റ് ഉദിത്ത് ശങ്കറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതുൾപ്പെടെ പല സ്‌റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതികളാണ്.
വള്ളികുന്നം സിഐ ഗോപകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജിഷ്‌ണു, സനൽ, രതീഷ്, സോനു, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്.