തൃശ്ശൂർ: സംസ്ഥാന സർക്കാർ പദ്ധതിയായ ഐഎം വിജയന്‍റെ പേരിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ലാലൂര്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറമേ ടെന്നീസ് കോര്‍ട്ട്, സ്വിമ്മിങ്ങ് പൂള്‍, ഹോക്കി സ്റ്റഡിയം, പവലിയന്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒരുങ്ങുന്നത്. ഇതോടെ മാലിന്യക്കാടായി മാറിയ ലാലൂർ മാറ്റത്തിന്‍റെ പാതയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്.
സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിന് കൈമാറിയ തൃശ്ശൂര്‍ കോര്‍പറേഷന്‍റെ കീഴിലുള്ള ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ 13.37 ഏക്കര്‍ സ്ഥത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നത്. കിറ്റ്‌കോയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 46.3 കോടി രൂപയാണ് സ്റ്റേഡിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. 2021 മാര്‍ച്ചില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിതാ വിജയന്‍ പറഞ്ഞു.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പൈലിങ് നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, അഡിമിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സ്വിമ്മിങ്ങ് പൂള്‍, ടെന്നീസ് കോര്‍ട്ട് എന്നിവയാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഫുട്‌ബോള്‍ സ്റ്റേഡിയം, ഹോക്കി സ്റ്റേഡിയം, ടെന്നീസ് കോര്‍ട്ട് എന്നിവയും ഒരുക്കും. വാഹന പാര്‍ക്കിന് പ്രത്യേക സൗകര്യവും ഒരുക്കും. കിഫ്ബിയില്‍ നിന്നാണ് സ്റ്റേഡിയ നിര്‍മ്മാണത്തിനുള്ള തുക ലഭ്യമാക്കിയിരിക്കുന്നത്. വിവാദങ്ങള്‍ക്കൊടുവില്‍ ലാലൂരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചതോടെ 30 വർഷം നീണ്ട ലാലൂരിന്റെ മാലിന്യപ്രശ്‌നത്തിനും കൂടിയാണ് വിരാമമാവുന്നത്.