ന്യൂഡൽഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തിക്ക് ഏഴ് ദിവസത്തെ ഇടക്കാല സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി. ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യരുരെന്നും കോടതി പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ അനിര്‍ബന്‍ ദാസിനെതിരെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ബംഗാൾ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. ബംഗാളില്‍ അഭിഭാഷകര്‍ സമരം ചെയ്യുന്നതിനാലാണ് സുരക്ഷ തേടി ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മമതാബാനര്‍ജിക്കെതിരെ പൊതുവിമര്‍ശനമാണ് ഫേസ്ബുക്കിൽ കുറിച്ചതെന്നും അനിര്‍ബന്‍ ദാസ് കോടതിയില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരെയുള്ള എഫ്ഐആറെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഏപ്രില്‍ 25നാണ് ആലിപുര്‍ദ്വാർ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് മദന്‍ ഘോഷ് അനിര്‍ബനെതിരെ പരാതി നല്‍കിയത്.