വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റെക്കോഡ് ഭൂരിപക്ഷം ഉള്‍പ്പെടെ 10 ലോക്‌സഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. 2.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധിക്കു തൊട്ടു പിന്നിലും. 1.93 ലക്ഷം ഭൂരിപക്ഷം നേടിയ ഇ.ടി.മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷത്തില്‍ മൂന്നാം സ്ഥാനവും നേടി. എല്‍.ഡി.എഫിന് ആശ്വാസ വിജയം നല്‍കിയ ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ഥി എ. എം ആരിഫാണ് സംസ്ഥാനത്ത് ഭൂരിപക്ഷത്തില്‍ ഏറ്റവും പിന്നില്‍ 10,474 വോട്ട്. പാലക്കാട് അട്ടിമറി വിജയം നേടിയ വി.കെ.ശ്രീകണ്ഠനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥി 11,637 വോട്ട്.
എറണാകുളത്ത് 1,69,153 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഹൈബി ഈഡന്‍ തന്റെ പിതാവ് ജോര്‍ജ് ഈഡന്‍ മുമ്പ് നേടിയ റെക്കോഡ് ഭൂരിപക്ഷമാണ് എറണാകുളത്ത് തിരുത്തിയത്. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,71,053 വോട്ടാണ്. ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഒന്നര ലക്ഷം പിന്നിട്ടു. ചാലക്കുടിയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍, തിരുവനന്തപുരത്ത് ശശിതരൂര്‍ എന്നിവരുടെ ഭൂരിപക്ഷവും ഒരു ലക്ഷം കടന്നു.