മുംബൈ: ഐപിഎല്ലിലെ തകര്‍പ്പന്‍ പെര്‍ഫോമിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി നടക്കുന്ന ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌മാനായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഉപനായകന്‍ കെഎല്‍ രാഹുലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്‍ 13ാം സീസണില്‍ കരുത്തുറ്റ ബാറ്റിങ്ങാണ് സഞ്ജു ഇതേവരെ കാഴ്‌ചവെച്ചത്.
വിരാട് കോലി നയിക്കുന്ന ടീമില്‍ ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും ഇടംപിടിച്ചു. അതേസമയം പര്യടനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച മൂന്ന് ടീമിലും രോഹിത് ശര്‍മ ഇടം നേടിയില്ല. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഹിത് ടീമിന് പുറത്തായിരുന്നു.
ഏകദിന ടീമില്‍ കുല്‍ദീപ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാന, ഹനുമാ വിഹാരി, സാഹ, റിഷഭ് പന്ത്, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരും ഇടം നേടി.
ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി വിരാട് കോലിയും കൂട്ടരും മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും കളിക്കും.