കാസര്‍കോട്: പുതിയങ്ങാടിയിലെ ബൂത്തില്‍ ടി വി രാജേഷ് എംഎല്‍എ അനധികൃതമായി പ്രവേശിച്ചുവെന്ന ആരോപണവുമായി കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആ ബൂത്തിലെ വോട്ടറോ സ്ഥാനാർഥിയോ ചീഫ് ഇലക്ഷന്‍ ഏജന്‍റോ അല്ലാത്ത ടി വി രാജേഷ് ബൂത്തില്‍ പ്രവേശിച്ചത് ചട്ടലംഘനമാണ്. ടി വി രാജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
പിലാത്തറയിലെ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നിന്നവരോട് വോട്ട് ചോദിച്ചെന്ന എല്‍ഡിഎഫിന്‍റെ ആരോപണം രാജ്മോഹന്‍ ഉണ്ണിത്താന്‍ നിഷേധിച്ചു. ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നും ഉണ്ണിത്താൻ പറഞ്ഞു. 23ന് ഫലം വരുമ്പോള്‍ ഞാനാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ പാര്‍ലമെന്‍റ് അംഗത്വം രാജിവെച്ചിരിക്കും. തിരിച്ച് ആരോപണം അടിസ്ഥാനരഹിതമാണെങ്കില്‍ എതിര്‍ സ്ഥാനാര്‍ഥി പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.