ന്യൂഡൽഹി: ജൈനാചാര്യ ശ്രീ വിജയ് വല്ലഭ് സുരിശ്വർ ജി മഹാരാജിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌തു. 151-ാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് സമാധാനത്തിന്‍റെ പ്രതീകമായി പ്രതിമ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തത്. 151 ഇഞ്ച് ഉയരമുള്ള പ്രതിമ എട്ട് അഷ്‌ടദാട്ടു ലോഹം, ചെമ്പ് എന്നിവ ഉപയോഗിച്ചാണ് നിർമിച്ചത്. പാലിയിലെ വിജയ് വല്ലഭ സാധന കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചത്.
രാഷ്ട്രീയ മേഖലയിൽ സർദാർ വല്ലഭായ് പട്ടേലും ആത്മീയ മേഖലയിൽ ജൈനാചാര്യ ശ്രീ വിജയ് വല്ലഭ് സുരിശ്വർ ജി മഹാരാജും ഇന്ത്യയുടെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ചവരാണ്. സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയും ജൈനാചാര്യ വിജയ് വല്ലഭ് ജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യത്വം, സമാധാനം, അഹിംസ, സാഹോദര്യം എന്നിവയുടെ ഉത്തമ ഉദാഹരണമായി ഇന്ത്യ മാറി. ശ്രീ വിജയ് വല്ലഭ് സുരിശ്വർ ജി മഹാരാജ് (1870-1954) നിസ്വാർഥവും അർപ്പണബോധത്തോടും കൂടി പ്രവർത്തിക്കുന്ന ജൈന വിശുദ്ധനായിരുന്നു. ജനങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യുക എന്നിവയ്‌ക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹം പ്രചോദനാത്മക സാഹിത്യങ്ങൾ (കവിതകൾ, ഉപന്യാസങ്ങൾ, ഭക്തിഗാനങ്ങൾ) എന്നിവയും രചിച്ചിരുന്നു. അദ്ദേഹം സ്വാതന്ത്ര്യ സമരങ്ങൾക്ക് വലിയ പിന്തുണ നൽകിയ വ്യക്തിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.