ന്യൂ ഡല്‍ഹി: എന്‍ഡിഎ സർക്കാർ തുടര്‍ച്ചയായ രണ്ടാംവട്ടവും കേവല ഭൂരിപക്ഷം നേടുമെന്നും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനം 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനം കൂടിയായിരുന്നു.
അഞ്ച് വര്‍ഷത്തെ സ്നേഹത്തിന് ജനങ്ങളോട് നന്ദി പറയുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശക്തി ലോകം അറിഞ്ഞു. ലോകത്തെ സ്വാധീനിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മോദിക്കൊപ്പം മാധ്യമങ്ങളെ കണ്ടു. ബിജെപി വീണ്ടും ഭരണത്തില്‍ തിരിച്ചെത്തുമെന്ന് അമിത് ഷാ പറഞ്ഞു. മോദിഭരണം വീണ്ടും വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. മോദി ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരാണ്. വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ലെന്നും ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. 'ഞാനും കാവല്‍ക്കാരന്‍' പ്രചാരണം ലക്ഷ്യം കണ്ടെന്നും അമിത് ഷാ. മുന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.