കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ വിദേശത്തേക്ക് കടന്ന മുഖ്യപ്രതി സുബീഷ് പിടിയിലായി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സുബീഷിനെ അന്വേഷണ സംഘം പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ സുബീഷ് സംഭവത്തിന് ശേഷം ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നതിന് ഇന്‍റർപോളിന്‍റെ സഹായം തേടാൻ നടപടി തുടങ്ങിയതിനിടെയാണ് പ്രതി നാട്ടിലേക്ക് വരുന്ന രഹസ്യവിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പുലർച്ചെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ സുബീഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാക്കം സ്വദേശിയായ സുബീഷ് കൊലപാതകത്തിന് ശേഷം അഞ്ചു ദിവസത്തോളം നാട്ടിൽ ഉണ്ടായിരുന്നു. അന്വേഷണം തന്നിലേക്ക് നീങ്ങുന്നതായുള്ള സൂചന ലഭിച്ചയുടൻ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.
ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 14 ആയി. സംഘത്തിലെ പ്രധാനിയായ സുബീഷ് കൂടി പിടിയിലായതോടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ സാധിക്കും.