ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുളള. ട്വിറ്ററിലൂടെയായിരുന്നു ഒമറിന്‍റെ വിമർശനം.
നിരന്തരമായി നടത്തിയ ട്വീറ്റുകളിലൂടെയാണ് ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിലുളള പ്രതിഷേധം ഒമർ അബ്ദുളള പ്രകടമാക്കിയത്. പാകിസ്ഥാനുംഭീകരർക്കും ഹൂറിയത്തിനും മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്നും 56 ഇഞ്ച് നെഞ്ചളവുളളയാള്‍ പരാജയപ്പെട്ടെന്നും ഒമർ ട്വിറ്ററിൽ കുറിച്ചു.
1995-96 കാലഘട്ടത്തിൽ ഭീകരരും തീവ്രവാദികളും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ ശ്രമിച്ചപ്പോള്‍ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുളള സർക്കാർ ഇവയെ എല്ലാം അവഗണിച്ച് മുന്നോട്ടുപോയ സംഭവത്തെയും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ബിജെപി - പിഡിപി സഖ്യം തകരുകയും പുതിയ സർക്കാരിനുളള സാധ്യത അടയുകയും ചെയ്ത സാഹചര്യത്തിൽ നവംബറിലാണ് ജമ്മുകശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിടുന്നത്. ഇതിന് ശേഷം രാഷ്ട്രപതി ഭരണത്തിൽ കഴിയുന്ന സംസ്ഥാനത്ത് ആറു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പുംനടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ കശ്മീരിൽലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.