വെല്ലിംഗ്ടൻ: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ അതിക്രമിച്ച് കയറി 51 പേരെ വെടിവച്ച് കൊന്നയാൾക്ക് ജീവപര്യന്തം തടവ്. 29കാരനായ ബ്രെന്‍റണ്‍ ഹാരിസൺ ടാരന്‍റിന് ലഭ്യമായ പരമാവധി ശിക്ഷയാണ് വിധിച്ചത്.
ബ്രെന്‍റണ്‍ ഹാരിസൺ ടാരന്‍റിന്‍റെ പ്രവൃത്തി നീചവും മനുഷ്യത്വ രഹിതവുമാണെന്ന് കോടതി നിരീക്ഷിച്ചു. പിതാവിന്‍റെ കാലിൽ കെട്ടിപ്പിടിച്ച് നിന്ന മൂന്ന് വയസുകാരിയെ കൊന്നതും കോടതി പ്രത്യേകം പറഞ്ഞു. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരും പരുക്കേറ്റവരുമുള്‍പ്പടെയുള്ള സാക്ഷികളും വിചാരണക്കായി കോടതിയിലെത്തിയിരുന്നു.
ബ്രന്‍റണ്‍ ഹാരിസൺ ടാരന്‍റ് മസ്ജിദില്‍ അതിക്രമിച്ച് കടക്കുകയും മുന്നിൽ കണ്ട എല്ലാവരെയും വെടിവക്കുകയും ചെയ്യുകയായിരുന്നു. ആക്രമണ ദൃശ്യം ഫേസ്ബുക്കിൽ തത്സമയം പകർത്തി സംപ്രേഷണവും ചെയ്തു. തുടർന്ന് പിടിയിലായ ഇയാൾ കുറ്റസമ്മതവും നടത്തി. 51 കൊലപാതക കുറ്റങ്ങൾ 40 കൊലപാതകശ്രമങ്ങൾ, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ബ്രന്‍റണ്‍ ടാരന്‍റ് സമ്മതിച്ചത്. ന്യൂസിലന്‍ഡിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. 2019 മാർച്ചിലാണ് ആക്രമണം നടന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ന്യൂസിലന്‍ഡിൽ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.