കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പതിനാലാമത് വൈസ്ചാന്‍സലറായി ഡോ. കെ എന്‍ മധുസൂദനന്‍ നിയമിതനാവും . 16 അപേക്ഷകരില്‍ നിന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, ഡോ. ജെ പ്രഭാഷ്, ഡോ. ജഗദേഷ് കുമാര്‍ (ജെഎന്‍യു വിസി) എന്നിവര്‍ അംഗങ്ങളായ സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച പാനലില്‍ നിന്നാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഡോ. മധുസൂദനനെ തെരഞ്ഞെടുത്തത്.
നിലവില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമാണ് രജിസ്ട്രാറുടെ താത്ക്കാലിക ചുമതല കൂടി വഹിക്കുന്ന ഡോ. മധുസൂദനന്‍. കണ്ണൂര്‍ ജില്ലയിലെ രാമന്തളിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പയ്യന്നൂര്‍ കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തുടര്‍ന്ന് കൊച്ചി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. രണ്ടു വര്‍ഷക്കാലം ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് സയന്‍സില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയും തുടര്‍ന്ന് അഞ്ചു വര്‍ഷക്കാലം യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചു.