കോഴിക്കോട്: വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ മുക്കം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ ആരോപണ വിധേയരായ പരീക്ഷ ചീഫ് സൂപ്രണ്ടും സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
നാളെ ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടറും റീജണൽ ഡെപ്യൂട്ടി ഡയറക്ടറും നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിൽ എത്തി വിദ്യാർഥികളുടെ മൊഴിയെടുക്കും. അധ്യാപകൻ പൂർണ്ണമായും പരീക്ഷയെഴുതിയ രണ്ടു കുട്ടികളുടെ കാര്യത്തിൽ വകുപ്പുതലത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. വിജയശതമാനം കൂട്ടാനാണ് ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.