തൃശൂര്‍: സംസ്ഥാനത്ത് ഈ മാസം 18ന് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി. തൃശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഓട്ടോ, ടാക്സി, ബസ്, ലോറി ഉൾപ്പടെയുള്ള വാഹനങ്ങള്‍ പണിമുടക്കിൽ പങ്കെടുക്കും. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനെതിരായി എല്ലാ സംഘടനകളും കത്ത് നൽകിയിട്ടുണ്ടെന്നും അനുകൂല നടപടികളല്ല സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മോട്ടോർ വാഹന സംരക്ഷണ സമിതി കൺവീനർ കെ കെ ദിവാകരൻ പറഞ്ഞു.
ഐഎൻടിയുസി, സിഐടിയു ഉൾപ്പടെയുള്ള സംഘടനകൾ സമരത്തിൽ പങ്കെടുക്കും. 18 ന് നടക്കുന്ന 24 മണിക്കൂർ സൂചനാ പണിമുടക്കിൽ പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകാനാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം.