ജോഹന്നാസ്ബർഗ്: ജാപ്പനീസ് എണ്ണക്കപ്പലിന്‍റെ ഇന്ത്യക്കാരനായ ക്യാപ്റ്റനെ മൗറീഷ്യസ് പൊലീസ് അറസ്റ്റ് ചെയ്തു. ക്യാപ്റ്റൻ സുനിൽകുമാർ നന്ദേശ്വർ ആണ് അറസ്റ്റിലായത്. മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന എണ്ണക്കപ്പലിൽനിന്ന് വൻതോതിൽ എണ്ണ ചോർന്ന സംഭവത്തിലാണ് ക്യാപ്റ്റൻ സുനിൽകുമാർ നന്ദേശ്വർ അറസ്റ്റിലായത്.
ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സുനിൽ കുമാർ നന്ദേശ്വറിനേയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ ശ്രീലങ്കൻ പൗരനെയുമാണ് മൗറീഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും ഓഗസ്റ്റ് 25ന് കോടതിയിൽ ഹാജരാക്കും. എണ്ണക്കപ്പലിലെ മറ്റുജീവനക്കാരെ ചോദ്യംചെയ്യുമെന്നും അപകടത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
ജപ്പാന്‍റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പൽ സിങ്കപ്പൂരിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രക്കിടെ ജൂലൈ 25നാണ് മൗറീഷ്യൻ തീരത്ത് പവിഴപ്പുറ്റിലിടിച്ചത്. അറിയപ്പെടുന്ന ടൂറിസ്റ്റ് - ഹണിമൂൺ കേന്ദ്രമാണ് മൗറീഷ്യസ്.
നാലായിരം ടൺ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ഇത് ചോർന്നതിനെ തുടർന്ന് ഓഗസ്റ്റ് ആറ് മുതൽ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. തിരമാലയുടെ ശക്തിയിൽ ദിവസങ്ങൾക്ക് മുമ്പ് കപ്പൽ രണ്ടായി പിളരുകയും ചെയ്തു. എഞ്ചിൻ റൂമുള്ള ഭാഗം പവിഴപ്പുറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. കോറൽറീഫിൽ നിന്ന് 15 കിലോമീറ്ററോളം സമുദ്രത്തിലൂടെ കൊണ്ടുപോയി കപ്പലിന്റെ ഭാഗങ്ങൾ മുക്കാനാണ് ഉദ്ദേശിക്കുന്നത്.
കപ്പലിൽ നിന്ന് മൂവായിരത്തോളം ടൺ എണ്ണ പമ്പ് ചെയ്ത് മാറ്റിയിരുന്നു. ജപ്പാൻ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മൗറീഷ്യസിന് സഹായങ്ങൾ നൽകിയിരുന്നു.
കണ്ടൽക്കാടുകളുടെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും ആവാസകേന്ദ്രമായ സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ഓയിൽ പടർന്നത് വൻ പാരിസ്ഥിതിക ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക. അതേസമയം, മൗറീഷ്യസ് തീരത്തോട് വളരെ ചേർന്ന് കപ്പലിന്‍റെ സഞ്ചാരപഥം എങ്ങനെ വന്നുവെന്ന കാര്യം ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങളിലടക്കം അന്വേഷണം തുടരുകയാണ്. ഇവർക്കെതിരെ കടൽക്കൊള്ളയും സമുദ്രനിയമം ലംഘിച്ചെന്നും ആരോപിച്ച് കുറ്റം ചുമത്തിയിട്ടുണ്ട്.