മലപ്പുറം: കുടിവെള്ളം എത്തിക്കുന്ന വാഹനം സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്തതായി പരാതി. ഒതുക്കുങ്ങൽ പഞ്ചായത്തിൽ വെളളം വിതരണം ചെയ്യുന്ന മിനി ലോറിയാണ് തകർത്തത്. കൊളത്തുപറമ്പ് ഭാഗത്ത് നിർത്തിയിട്ട വാഹനത്തിന്‍റെ ഗ്ലാസ് വടി കൊണ്ട് തല്ലിതകർക്കുകയായിരുന്നു.
സംഭവത്തിൽ വാഹന ഉടമയും സിപിഎം കൊളത്തു പറമ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ കെസി ദിലീപ് കോട്ടക്കൽ പൊലീസിൽ പരാതി നൽകി. പഞ്ചായത്തിലെ 13, 16 വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന വാഹനമാണ് തകർത്തത്. സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. മലപ്പുറത്ത് നിന്നും ശേഖരിക്കുന്ന 1500 ലിറ്റർ വെളളം നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. വാഹനം തകർത്തതോടെ പ്രദേശത്തെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ കോട്ടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.