കണ്ണൂർ: മാഹി പള്ളൂരിലെ സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം നാളെ ആചരിക്കാനിരിക്കെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. മാഹി പൊലീസിനൊപ്പം കേരള പൊലീസും അതീവ ജാഗ്രതയിലാണ്. നാളെ രാവിലെ മുതൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങുകൾ ആരംഭിക്കും.
2018 മേയ് ഏഴിന് രാത്രിയിലാണ് പള്ളൂരിലെ സിപിഎം നേതാവ് കണ്ണി പൊയിൽ ബാബു കൊല്ലപ്പെട്ടത്. പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്ത് ബാബുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബാബു കൊല്ലപ്പെട്ട് അര മണിക്കൂറിനകം ആർഎസ്എസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഷമേജും കൊല്ലപ്പെട്ടിരുന്നു. ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയുള്ള അക്രമത്തിലാണ് ഷമേജ് കൊല്ലപ്പെട്ടത്.
രണ്ട് സംഭവങ്ങളുടെയും ഒന്നാം വാർഷികം നാളെ നടക്കാനിരിക്കെയാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയത്. മാഹി മേഖലയിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് ഡോഗ് സ്ക്വാഡുകളുടെ സഹായത്തോടെയായിരുന്നു പരിശോധന. പരിശോധനയ്ക്ക് മാഹി പൊലീസ് സൂപ്രണ്ട് വംശീതറ റെഢി നേതൃത്വം നല്കി.