മുംബൈ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തു മഹാരാഷ്ട്ര സർക്കാർ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന് തുല്യമായ കൊവിഡ് നിയന്ത്രണങ്ങൾ ജൂണ് ഒന്നുവരെ നീട്ടി.
ജൂൺ ഒന്നിന് രാവിലെ ഏഴു മണി വരെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ പറഞ്ഞു. കൂടാതെ വെളിയിൽ നിന്ന് സംസ്ഥാനത്ത് പ്രവേശിക്കുന്ന ഏതൊരു വ്യക്തിക്കും നിർബന്ധിത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ആവശ്യമാണെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഇവർ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത റിപ്പോർട്ടാണ് നൽകേണ്ടത്.
Also read: മഹാരാഷ്ട്രക്ക് 1.5 കോടി കൊവിഷീൽഡ് വാക്‌സിൻ കൂടി ലഭിക്കുമെന്ന് രാജേഷ് ടോപെ
സംസ്ഥാനങ്ങളിൽ എത്തുന്നതും ഇവിടെ ഉള്ളതുമായ ചരക്ക് വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പുറത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങളിൽ എത്തുന്നവർ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കയ്യിൽ കരുതണം എന്നും ഉത്തരവിൽ പറയുന്നു.
ഏപ്രിൽ അഞ്ചു മുതലാണ് സംസ്ഥാനത്തു ലോക്ക് ഡൗണിന് സമാനമായ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.