തിരുവനന്തപുരം: കുന്നത്തുനാട് നിലം നികത്തൽ വിവാദത്തിൽ ഭൂമി പൂർവ്വ സ്ഥിതിലാക്കാനും ഭൂമിയുടെ പോക്കുവരവ് തടയാൻ ഉത്തരവിട്ട കലക്ടർമാരെ മാറ്റാനും മന്ത്രിസഭ യോഗ തീരുമാനം. എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള ഉൾപ്പെടെ അഞ്ച് ജില്ല കലക്ടർമാരെ സ്ഥലം മാറ്റാനാണ് യോഗത്തിൽ തീരുമാനമായത്. കലക്ടർമാർക്ക് പുറമെ ഭരണത്തലപ്പത്തും മാറ്റമുണ്ട്. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെ എസ്ജിഎസ്ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കെ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം ജില്ലാ കലക്ടറാകും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറായി നിയമിക്കാന്‍ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും.
ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാനും തീരുമാനമായി. ആലപ്പുഴ ജില്ലാ കലക്ടര്‍ എസ് സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി നിയമിക്കും. ഹൗസിംഗ് കമ്മീഷണര്‍ ബി അബ്ദുള്‍ നാസറിനെ കൊല്ലം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ ഗോപാലകൃഷ്ണനെ പത്തനംതിട്ട ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. ഐ ആന്‍റ് പിആര്‍ഡി ഡയറക്ടര്‍ ടി വി സുഭാഷിനെ കണ്ണൂര്‍ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമായി.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നല്‍കും. കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്ക് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ലാന്‍റ് ബോര്‍ഡ് സെക്രട്ടറി സി എ ലതയെ ലാന്‍റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ യു വി ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കാനും യോഗം തീരുമാനമായി.