തിരുവനന്തപുരം: താപനില ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. വൈദ്യുതി ഉപഭോഗം 83.16 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇത് കഴിഞ്ഞവർഷത്തേക്കാൾ എട്ട് ശതമാനം കൂടുതലാണ്. ജലവൈദ്യുത പദ്ധതി അണക്കെട്ടുകളിൽ ഇപ്പോഴുള്ളത് ആകെ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ്. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നും ജൂൺ 30 വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളം അണക്കെട്ടുകളില്‍ ഉണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗത്തിൽ വർധന ഉണ്ടാകുമെങ്കിലും ഇത്തവണ പ്രതിദിന ഉപഭോഗം ശരാശരി 80 ദശലക്ഷം യൂണിറ്റായി. വൈദ്യുതി ഉപഭോഗം ഉയരുകയും സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ജലവൈദ്യുതി ഉത്പാദനം വൈദ്യുതി ബോർഡ് വെട്ടിച്ചുരുക്കി. ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ ഇപ്പോൾ 23 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം ഡാമുകളിലെ ജലനിരപ്പ് 28 ശതമാനം ആയിരുന്നു. കാലവർഷം എത്താൻ വൈകുമെന്ന കണക്കുകൂട്ടലിലാണ് ഡാമുകളിലെ വൈദ്യുത ഉത്പാദനം കുറച്ചത്. സംസ്ഥാനത്തിൻ്റെ ആകെ ഉപഭോഗത്തിനാവശ്യമായതിന്‍റെ 70 ശതമാനവും പുറത്ത് നിന്നാണ് എത്തിക്കുന്നത്. ഇതിനുള്ള ദീർഘകാല കരാറുകളിൽ വൈദ്യുതിബോർഡ് ഏർപ്പെട്ടിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി.