നേമത്ത് റെയിൽവേ പാതയ്ക്ക് സർവ്വേ തയ്യാറാക്കാൻ വന്ന സംഘത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യതതോടെയാണ് തലസ്ഥാനത്ത് പറന്ന ഡ്രോണ്‍ ആശങ്കകള്‍ അവസാനിക്കുന്നത്.മുംബൈ ആസ്ഥാനമായ ഇൻഡ്രോൺ കമ്പനിയുടെ ഡ്രോൺ നിയന്ത്രണം തെറ്റി തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പറക്കുക ആയിരുന്നുവെന്ന് പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്‍ ശേഷിയുള്ള ഡ്രോണ്‍, ജീവനക്കാര്‍ കാറിലിരുന്ന് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് കോവളം ഭാഗത്തേക്ക് പറന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ കോവളം കടപ്പുറത്ത് പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് ആദ്യം ഡ്രോൺ ക്യാമറ കണ്ടത്. കൺട്രോൾ റൂമിൽ വിവരം അറിയിച്ചപ്പോൾ അപ്രത്യക്ഷമായ ഡോൺ പിന്നീട് ശംഖുമുഖം, ചാക്ക ഭാഗങ്ങളിലും പുലർച്ചെ മൂന്നുമണിയോടെ തുമ്പ വി എസ് എസ് സി സിക്ക് മുകളിലും കാണപ്പെടുകയായിരുന്നു. വി എസ് എസ് സി യിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സി ഐഎസ് എഫ് ഉദ്യോഗസ്ഥരും ഏതാനും തദ്ദേശവാസികളും ഡ്രോൺ ക്യാമറ പറക്കുന്നത് കണ്ടിരുന്നു. ഇതോടെ അന്വേഷണം ഊർജിതമാക്കിയ പൊലിസ് സ്വകാര്യ കമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോവളത്ത് പറന്ന ഡ്രോണിന്‍റെ ഉടമകളെ തിരിച്ചറിഞ്ഞത്. അതേ സമയം തലസ്ഥാനത്ത് പൊലീസ് ആസ്ഥാനത്തിനു മുകളിൽ ഇന്നലെ രാത്രി ഡ്രോണ്‍ പറന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തരയോടെ പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ പറന്ന ഡ്രോൺ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പറന്നതായും സംശയമുണ്ട്. സംഭവത്തില്‍ പൊലീസും ഇന്‍റലിജൻസും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.