മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ജൂലൈ ആറിന് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ മഖ്സൂദ് അഹമ്മദ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘം യാത്രയുടെ കേരളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി. സംസ്ഥാന ഹജ്ജ് ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ ആദ്യ വാരം കോഴിക്കോട് നടക്കും.
13194 ഹജ്ജ് തീർത്ഥാടകരാണ് ഇത്തവണ സംസ്ഥാനത്ത് നിന്ന് ഹജ്ജ് കർമ്മത്തിന് പോകുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പുതിയ ക്വാട്ട പ്രകാരം കേരളത്തിൽ നിന്ന് രണ്ടായിരത്തോളം ഹാജിമാർക്ക് ഇത്തവണ അവസരം ലഭിക്കും. ജൂലൈ ആറിന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് സംഘം പുറപ്പെടും. മുൻവർഷത്തേക്കാൾ വ്യത്യസ്തമായി മദീനയിലേക്കുള്ള യാത്ര കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഒരുക്കുന്നത്. അതുകൊണ്ട് തീർത്ഥാടകർക്ക് യാത്ര കൂടുതൽ സുഖപ്രദമാകുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫൈസി പറയുന്നു.
കൊച്ചിക്ക് പുറമെ ഏറ്റവും കൂടുതൽ തീർത്ഥാടകർ ഹജ്ജിന് പോകുന്ന കോഴിക്കോട് എംബാർക്കേഷൻ പോയന്‍റ് ആരംഭിച്ചത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നു.