മലപ്പുറം: റമദാൻ ഇരുപത്തിയേഴാം രാവും വിശുദ്ധ മാസത്തിലെ അവസാന വെള്ളിയാഴ്ചയും ഒരുമിക്കുന്ന പുണ്യദിനത്തിൽ സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആത്മീയ ബോധന പരിപാടികളുടെ സമാപനം വിശ്വാസികളുടെ മഹാസമ്മേളനം വെള്ളിയാഴ്ച നടക്കും.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് നടക്കുന്ന ആത്മീയ മജിലിസ് സമാപന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പരിപാടികൾ ആരംഭിക്കും. തുടർന്ന് ഖുർആൻപാരായണം അബ്ദുൽ സലാം സഖാഫി ഹദീസ് പഠന ക്ലാസ്സ് എന്നിവ നടക്കും. രാവിലെ ആറിന് നടക്കുന്ന ഹിസ്ബുൾ ക്ലാസ് അസ്ലാം സഖാഫി മുനീർ നേതൃത്വം നൽകും. റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ ഖുതുബ പ്രഭാഷണം എന്നിവയ്ക്ക് സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകും. പ്രാർഥനാ സമ്മേളനത്തിൽ ഒരുക്കുന്ന സമൂഹ ഇഫ്താറിന് ലക്ഷക്കണക്കിന് പേർ പങ്കെടുക്കും.
രാത്രി ഒമ്പതിന് പ്രധാനവേദിയിൽ പ്രാർഥനാ സമ്മേളന പരിപാടികൾക്ക് തുടക്കമാകും. സമസ്ത പ്രസിഡൻറ് സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ഭീകര വിധ്വംസക പ്രവണതകൾക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലും.
പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സംഘങ്ങള്‍ തുടങ്ങിയവയുടെ സേവനം സമ്മേളന സ്ഥലത്ത് ഉണ്ടാകും. നഗരത്തിലും പരിസരത്തുമായി നൂറിലധികം ഹെൽപ് ഡസ്ക്കുകളും പ്രവർത്തനം തുടങ്ങും. മഅദിൻ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ,അബ്ദുൽ ജലീൽ ബാഫഖി കടലുണ്ടി തുടങ്ങിയവർ പങ്കെടുത്തു.