ഇടുക്കി: ആനവിലാസത്ത് കനത്ത മഴയിൽ മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞ് സരസ്വതിയുടെ ദേഹത്ത് വീഴുകയായിരുന്നു. തലയ്ക്ക് പുറകിൽ ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുമളിയിലുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.
കുമളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. രണ്ട് ദിവസത്തിനിടെ കനത്ത മഴയെ തുടര്‍ന്ന് മരം വീണ് ഉണ്ടായ അപകടത്തിൽ മരിക്കുന്ന രണ്ടാമത്തെ ആളാണ് സരസ്വതി. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശി സിബി മരം വീണ് മരിച്ചിരുന്നു.