എറണാകുളം: മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിൽ നൂതനമായ 'റിഫ്രാക്ടീവ് സർജറി' ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ആശുപത്രിയെന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രിയ്ക്ക്. 30 വയസ്സുള്ള സ്ത്രീയിൽ വിജയകരമായി ശസ്ത്രക്രിയ നടത്തിയാണ് ആശുപത്രി ഈ നേട്ടം കൈവരിച്ചത്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ചുരുങ്ങിയ ചെലവിൽ സീനിയർ ഒഫ്ത്താൽമോളജിസ്റ്റ് ഡോ. രജീന്ദ്രന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്നത്.
കാഴ്ചക്കുറവുള്ളവർക്ക് കണ്ണട ഒഴിവാക്കുന്നതിനുള്ള ലളിതമായ നേത്ര ശസ്ത്രക്രിയ രീതിയാണ് റിഫ്രാക്ടിവ് സർജറി. നേത്രപടലത്തിന് കീഴിലായി അനുയോജ്യ പവറുള്ള കൃത്രിമ ലെൻസ് നിക്ഷേപിക്കുകയാണ് റിഫ്രാക്ടിവ് സർജറി വഴി ചെയ്യുന്നത്.
ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതിന്‍റെയോ തുടര്‍ചികിത്സയുടെയോ ആവശ്യമില്ല. എന്നാൽ കാഴ്ചക്കുറവിന്‍റെ തോത് മാറിക്കൊണ്ടിരിക്കുന്നവരിൽ ഈ സർജറി ഫലപ്രദമല്ല. ശസ്തക്രിയയ്ക്കാവശ്യമായ ലെൻസ് സർക്കാർ സംവിധാനത്തിൽ ലഭ്യമായാൽ കൂടുതൽ ഫലപ്രദമായി സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താനാകുമെന്ന് ഡോ. രജീന്ദ്രൻ പറഞ്ഞു.