കൊച്ചി: പത്താം വയസ്സിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തലയ്ക്ക് പിടിച്ചു. പതിനേഴാം വയസ്സിൽ പാർട്ടി മെമ്പറായി. പിന്നീടിങ്ങോട്ട് എംഎം ലോറൻസിന് പറയാനുള്ളത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും പോരാട്ടവും. കേരളത്തിലെ തലമുതിർന്ന തൊഴിലാളി നേതാവിന് ഇന്ന് 90 വയസ്സ്. തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒളിവുജീവിതവും ജയിൽവാസവും ഉൾപ്പെടെ വിപ്ളവ വീര്യം നിറയുന്ന ചരിത്രമാണ് ലോറൻസിന്‍റെ മനസ്സ് മുഴുവൻ. 1950 ൽ അപ്രതീക്ഷിതമായി ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായത് ഇന്നലെയെന്നപോലെ ലോറൻസ് ഓർത്തെടുക്കുകയാണ്. കാലം കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആയപ്പോൾ സിപിഎമ്മിന്‍റെ തല മുതിർന്ന നേതാവായി. പാർട്ടി വളർന്നപ്പോൾ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സേവ് സിപിഎം ഫോറത്തിന്റെ പേരിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തിയതിൽ ഇന്നും അദ്ദേഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഏകപക്ഷീയമായിരുന്നു പാർട്ടി നടപടി എന്ന് അദ്ദേഹം വിശദീകരിക്കുന്നു. തന്‍റെ രാഷ്ട്രീയ ഭാവി നശിപ്പിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന വ്യക്തി മാത്രമാണ്. കോഴിക്കോട് സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ വിഎസിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി, ഇകെ നായനാരെ സെക്രട്ടറിയാക്കിയതാണ് വി.എസിന്‍റെ എതിർപ്പിന് കാരണം. ഇകെ നായനാരും അധികാരമോഹിയായിരുന്നുവെന്നാണ് എംഎം ലോറൻസിന്‍റെ അഭിപ്രായം. വിഎസ് പുന്നപ്ര- വയലാർ സമരസേനാനിയല്ല. പുന്നപ്ര സമരത്തിൽ നിന്നും പിന്തിരിഞ്ഞോടിയ ഭീരുവാണ് വിഎസ് എന്നും ലോറൻസ് തെളിവ് സഹിതം വിശദീകരിക്കുന്നു. ഏകാധിപതിയെ പോലെയായിരുന്നു വിഎസിന്റെ പല ചെയ്തികളും. ഇപ്പോൾ ഭരണപരിഷ്കാര കമ്മിറ്റി ചെയർമാൻ പദവി നല്കി അടക്കി നിർത്തിയിരിക്കുകയാണ് എന്നും ലോറൻസ് പരിഹസിച്ചു.
ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിന് പ്രധാനകാരണമായി. മുഖ്യമന്ത്രിയുടെ ശൈലിയിൽ മാറ്റം വേണമെന്ന് തോന്നിയിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് സൗമ്യമായി പെരുമാറണമെന്നും ലോറൻസ് പറയുന്നു. തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ഇ.ടി.വി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ലോറൻസ് മനസ്സുതുറന്ന് സുദീർഘമായി സംസാരിച്ചത്.