കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പൊലീസുകാര്‍ക്ക് അനുവദിച്ച മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ അവസരം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സർക്കാർ തലപ്പത്തുളള രാഷ്ട്രീയ താൽപര്യങ്ങളുള്ള ചില ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം , വ്യാപകമായി തപാൽ ബാലറ്റ് തട്ടിയെടുത്ത് ഭരണാനുകൂല പോലീസ് അസോസിയേഷൻ ഭാരവാഹികൾ ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത് .
എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇത് വരെ പുറത്ത് വന്ന എല്ലാ പോസ്റ്റല്‍ വോട്ട് തിരിമറിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
മുന്‍പ് പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ തിരിമറിയുണ്ടായിട്ടില്ലെന്ന നിലപാടെടുത്തിരുന്ന പൊലീസ് തന്നെ സംഭവം അന്വേഷിക്കുമ്പോൾ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.