കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളില്‍ നിന്നുമെത്തുന്ന നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഗതാഗതക്കുരുക്ക് കാരണം ദുരിതത്തിലായിരിക്കുന്നത്.
പാലത്തിന് ബലക്ഷയമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാന്‍ തീരുമാനിച്ചത്. 2016 ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേൽപ്പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തത്. എന്നാൽ പണി പൂർത്തിയായി മൂന്നുവർഷം തികയുന്നതിനുമുൻപ് തന്നെ മേൽപ്പാലത്തില്‍ വിള്ളലുകൾ വീഴുകയായിരുന്നു. പാലത്തിന്‍റെ രൂപകൽപ്പനയിൽ തുടങ്ങി നിർമ്മാണത്തിൽ വരെ ഗുരുതര പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ഐ ഐ ടി യിലെ വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. മേൽപ്പാലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. വന്‍കിട കരാറുകള്‍ ഏറ്റെടുത്ത നടപ്പാക്കുന്ന കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്‍റെ നിര്‍മാണ ചുമതല. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ നിന്നും റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമാകും ബലക്ഷയത്തിന് കൃത്യമായ കാരണം വിശദീകരിക്കാൻ കഴിയുവെന്നാണ് നിര്‍മ്മാതാക്കളുടെ ഇപ്പോഴത്തെ നിലപാട്. മേൽപ്പാലം നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തിയതോടെ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് കിറ്റ്കോ.