ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കാബിനറ്റ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. എട്ട് കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇടം പിടിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് കമ്മിറ്റികളിലേ ഉള്ളൂ. നിയമന കമ്മിറ്റിയില്‍ നരേന്ദ്രമോദിയും അമിത്ഷായും മാത്രം. പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ രണ്ട് കമ്മിറ്റികളില്‍ ഒതുക്കി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അഞ്ചും കമ്മിറ്റികളില്‍ സ്ഥാനം പിടിച്ചു.
മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന രാജ്നാഥ് സിങിനെ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. സാധാരണഗതിയില്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭയില്‍ രണ്ടാമനായ വ്യക്തിയാണ് കാബിനറ്റിന്‍റെയും രാഷ്ട്രീയകാര്യകമ്മിറ്റിയുടെയും മേല്‍നോട്ടം വഹിക്കേണ്ടത്. എന്നാല്‍ രാഷ്ട്രീയകാര്യകമ്മിറ്റിയില്‍ നിന്നും രാജ്നാഥ് സിങിനെ ഒഴിവാക്കിയത് പുതിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കിയേക്കും. അമിത് ഷാ, നിര്‍മല സീതാരാമന്‍, നരേന്ദ്രസിങ് തോമര്‍, രവി ശങ്കര്‍ പ്രസാദ്, ഹര്‍ഷ് വര്‍ധന്‍ സിങ്, പീയുഷ് ഗോയല്‍, പ്രഹ്ളാദ് ജോഷി, രാംവിലാസ് പസ്വാന്‍, ഹര്‍സിമ്രത് കൗര്‍ തുടങ്ങിയവരാണ് രാഷ്ട്രീയകാര്യകമ്മിറ്റിയിലെ അംഗങ്ങള്‍.
സാമ്പത്തികകാര്യകമ്മിറ്റിയുടെ ചുമതല പ്രധാനമന്ത്രിക്കാണ്. അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല, പീയുഷ് ഗോയല്‍, രാജ്‌നാഥ് സിങ്, എസ് ജയശങ്കര്‍, ഡി വി സദാനന്ദ ഗൗഡ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കമ്മിറ്റിയിലുണ്ട്.