എറണാകുളം: കാലവർഷം എത്തിയതോടെ ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി. കമ്പനിപ്പടി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും കടൽഭിത്തി പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർക്ക് നേരെ വ്യാപക പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.
ജിയോ ബാഗുകളിൽ മണൽ നിറച്ചാണ് ആഞ്ഞടിക്കുന്ന തിരമാലകളെ ഒരു പരിധി വരെയെങ്കിലും പ്രദേശവാസികൾ പ്രതിരോധിക്കുന്നത്. പ്രദേശത്തെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരമെന്ന നിലയിൽ പണി ആരംഭിച്ച ജിയോ ട്യൂബ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വർധിക്കാൻ കാരണമായിട്ടുണ്ട്. ജിയോ ട്യൂബിനായി മണൽ എടുത്തുമാറ്റിയത് കൊണ്ട് മാത്രം പല പ്രദേശങ്ങളിലും കടൽ കരയിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്.
കടലാക്രമണം രൂക്ഷമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അടക്കം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലയുടെ തീരപ്രദേശങ്ങളായ വൈപ്പിൻ, ഞാറക്കൽ പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. ഇവിടെയും നിരവധി വീടുകളിൽ വെള്ളം കയറി. സാധാരണ കാലവർഷം ശക്തിപ്രാപിച്ചതിന് ശേഷമാണ് കടലാക്രമണം രൂക്ഷമാകാറുള്ളത്. എന്നാൽ ഇത്തവണ കാലവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ കടലാക്രമണം ശക്തി പ്രാപിച്ചത് തീരദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.