തൃശ്ശൂർ: അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന വിളക്കുമാടം പടവിൽ നിരോധിത കളനാശിനി വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതിയുമായി പ്രദേശവാസികൾ. മാരക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും വിദേശരാജ്യങ്ങളിൽ നിരോധിച്ചതുമായ റൗണ്ടപ്പ് എന്ന ഗ്ലൈഫോസേറ്റ് മിശ്രിതമാണ് ഇവിടെ പ്രയോഗിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. കീടനാശിനി തളിച്ച സ്ഥലങ്ങളിലെല്ലാം പുല്ല് കരിഞ്ഞുണങ്ങി. മരുന്നു തളിച്ച പ്രദേശവും പരിസരത്തെ വീടുകളുമായി മീറ്ററുകളുടെ അകലം മാത്രമാണുള്ളത്. ഈ വീടുകളിലെ കിണറുകളിലേക്കും സമീപത്തെ തോട്ടിലൂടെ വിഷാംശം എത്തും. ഇത് സംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിന് പ്രദേശവാസിയായ കുന്നൻ വീട്ടിൽ സേവ്യർ പരാതി നൽകി.
അതോടൊപ്പം മരുന്നു തളിച്ച സ്ഥലത്ത് നിന്നും 30 മീറ്ററോളം മാത്രം അകലത്തിലാണ് അരിമ്പൂർ പഞ്ചായത്തിന്റെ കണ്ടങ്കായി കുളം. ചാലിലൂടെ ഈ കുളത്തിലെത്തുന്ന വെള്ളത്തിലും വിഷാംശം കലരും. ഈ കുളത്തിലെ വെള്ളമാണ് ചേർന്നുള്ള ക്യാപ്റ്റൻ ലക്ഷ്മി അംഗനവാടിയിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പുതിയതായി കിണർ കുത്തിയെങ്കിലും ഈ കുളത്തിലെ വെള്ളമാണ് കിണറിലേക്ക് ഒഴുകിയെത്തുന്നത്.
ജനങ്ങളുടെ ആരോഗ്യമാണ് വലുത്. കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥർ അടക്കം ഗ്ലൈഫോസേറ്റ് ഉപയോഗത്തിൽ അയഞ്ഞ സമീപനം എടുത്തതുകൊണ്ടാണ് കർഷകർ ഇവ ഉപയോഗിക്കുന്നതെന്നും, എൻഡോസൾഫാൻ നിരോധിച്ചപ്പോൾ എടുത്ത നിലപാടാണ് ഇക്കാര്യത്തിലും ഗവൺമെന്‍റ് എടുക്കുന്നതെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഗ്ലൈഫോസേറ്റിന്‍റെ വില്പനക്കുള്ള എല്ലാ ലൈസൻസുകളും റദ്ദാക്കിയതായും മന്ത്രി വ്യക്തമാക്കി.
മാരകമായ കീടനാശിനിയുടെ ഉപയോഗം തടയുന്നതിനായി ജില്ലയിലെ കീടനാശിനി വ്യാപാരികളോട് സർക്കാർ മൊത്ത/ചില്ലറ വിതരണ ലൈസൻസ് കൃഷിഭവനുകളിൽ ഹാജരാക്കി ഗ്ലൈഫോസേറ്റും ഇതടങ്ങിയ കളനാശിനികളും വിൽക്കുന്നതിനുള്ള അനുമതി ഒഴിവാക്കുവാനും പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദേശിച്ചിരിക്കുകയാണ്.