മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍ നിശ്ശബ്ദ സമരവുമായി രംഗത്ത്. മൂന്നു മാസത്തിലേറെയായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് മുംബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍വേയ്സ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
" ഞങ്ങളുടെ ആവശ്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് നിശ്ശബ്ദ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ദയവു ചെയ്ത് ഞങ്ങളുടെ ആവശ്യം കേള്‍ക്കുക. ഞങ്ങളെ ആശ്രയിച്ചു കഴിയുന്ന ഒരുപാട് ആളുകളുണ്ട്. മൂന്നും നാലും മാസങ്ങളായി ഞങ്ങള്‍ക്ക് ശമ്പളം നിഷേധിച്ചിരിക്കുകയാണ് " - എയര്‍വേയ്സ് തൊഴിലാളിയായ സന്ദീപ് കുനാര്‍ ദുബെ പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച വിമാന കമ്പനിയായി ജെറ്റ് എയര്‍വേയ്സിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും അതിനു വേണ്ടി സര്‍ക്കാര്‍ സഹായം അത്യാവശ്യമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലുള്ള ജെറ്റ് എയര്‍വേയ്സിന്‍റെ എല്ലാ അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകളും കഴിഞ്ഞ മാസം നിര്‍ത്തലാക്കിയിരുന്നു.