ഐടിസി ഗ്രൂപ്പ് ചെയര്‍മാന്‍ വൈസി ദേവേശ്വര്‍ (72) അന്തരിച്ചു. ഇന്ന് രാവിലെ ഗുര്‍ഗാവിലെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. രണ്ടു പതിറ്റാണ്ട് ചെയര്‍മാനായിരുന്ന അദ്ദേഹം 1968ലാണ് ഐടിസിയില്‍ എത്തിയത്. പിന്നീട് 1996ല്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി. 2017ല്‍ നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാനാകുകയും ചെയ്തു. നിലവില്‍ സഞ്ജിവ് പുരിയാണ് കമ്പനിയുടെ സിഇഒയും എംഡിയും. എഫ്എംസിജി ,ഹോട്ടല്‍ ശൃംഖലകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഐടിസിയെ ഒന്നാമെത്തിക്കാന്‍ ദേവേശ്വറിന് കഴിഞ്ഞിരുന്നു. കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങള്‍ക്കിടയിലും സാമൂഹിക മൂല്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
പാകിസ്ഥാനിലെ ലാഹോറില്‍ ജനിച്ച ദേവേശ്വര്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഹാര്‍വാര്‍ഡ് സ്കൂളില്‍ നിന്നുമാണ് പഠനം പൂര്‍ത്തിയാക്കിയത്. 1991-94 കാലഘട്ടത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായും പ്രവര്‍ത്തിച്ചു. 2012ല്‍ റിസര്‍വ് ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. 2011ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.