ന്യൂഡൽഹി: 450 ടൺ ഓക്സിജൻ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊടുത്ത് ഇന്ത്യൻ റെയിൽവേ. ചൊവ്വാഴ്ച രാവിലെയാണ് സംസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ റെയിൽവേ ഓക്സിജൻ എത്തിച്ചുകൊടുത്തത്.
ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച് 90 ടണ്ണിലധികം ഓക്സിജനുമായി ആറ് ടാങ്കറുകൾ ബൊക്കാരോയിൽ നിന്ന് ജബൽപൂരിലേക്കും ഭോപ്പാലിനടുത്തുള്ള മന്ദീദീപിലേക്കും പോയിട്ടുണ്ട്. കൂടാതെ, ഉത്തർപ്രദേശിലേക്കുള്ള ഓക്സിജൻ ശേഖരിക്കുന്നതിനായി മൂന്ന് ടാങ്കറുകൾ ബൊക്കാരോയിലേക്കും വന്നുകൊണ്ടിരിക്കുന്നു. ഇന്ന് രാവിലെ ഡൽഹിയിലേക്കുള്ള 65 ടൺ ഓക്സിജനുമായി ആദ്യത്തെ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ തലസ്ഥാനത്ത് എത്തിയിരുന്നു.
ദ്രാവക രൂപത്തിലുള്ള മെഡിക്കൽ ഓക്സിജനും ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിനായി രാജ്യമൊട്ടാകെ ഇന്ത്യൻ റെയിൽവേയുടെ 'ഓക്സിജൻ എക്സ്പ്രസ്' ട്രെയിനുകൾ ഓടുന്നുണ്ട്. ഓക്സിജൻ വിതരണം വേഗത്തിലാക്കുന്നതിന് റോൾ-ഓൺ-റോൾ-ഓഫ് ട്രക്കുകൾ ട്രെയിനുകൾ വഴി എത്തിക്കുന്നുമുണ്ട്.
ദ്രാവക ഓക്സിജന്‍റെ ഉപയോഗം മെഡിക്കൽ ആവശ്യങ്ങൾക്കായി മാത്രം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ മെഡിക്കൽ ഇതര ആവശ്യങ്ങൾക്കായുള്ള ദ്രാവക ഓക്സിജന്‍റെ ഉപയോഗം കേന്ദ്ര സർക്കാർ നിയന്ത്രിച്ചിരുന്നു.