തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ കൊടിയിറങ്ങും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്ന് സിനിമ കാണാൻ എത്തിയവർക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് മേള സമ്മാനിച്ചത്. ചാർലി ചാപ്ലിന്റെ മോഡേൺ ടൈംസ് മുതൽ മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ വരെയുള്ള ലോകസിനിമകൾ പ്രദര്‍ശനത്തിനെത്തി. പല ഭാഷകള്‍, സംസ്കാരങ്ങള്‍, ഉയരെ അടക്കമുള്ള സ്ത്രീപക്ഷ സിനിമകൾ, കുട്ടികൾ അണിയിച്ചൊരുക്കിയ സിനിമകൾ തുടങ്ങി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാഴ്ചയുടെ വസന്തകാലമായിരുന്നു ഒരാഴ്ച.
സ്ക്രീനിൽ മാത്രം കണ്ടിരുന്ന താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും നേരിൽ കണ്ടും ചോദ്യങ്ങൾ ചോദിച്ചും അവരുടെ സഞ്ചാരവഴികൾ മനസിലാക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. ഒരാഴ്ചത്തെ അനുഭവം കുട്ടികളുടെ ആത്മവിശ്വാസത്തിലെ നാഴികക്കല്ലുകളാണ്. ഇതോടെ കൂടുതല്‍ ഗൗരവത്തോടെ ചിത്രങ്ങൾ കാണുന്നതിനും നിര്‍മ്മിക്കുന്നതിനും കുട്ടികൾ തയ്യാറെടുക്കുകയാണ്. ഒരേ അഭിരുചിയുള്ളവരെ ഒന്നിച്ചു ചേര്‍ക്കുകയെന്ന നിയോഗം കൂടി ചലച്ചിത്രമേളക്കുണ്ട്.